

ഓരോ നാടിനും ഒരു ചരിത്രമുണ്ടാകണം. ഇന്ത്യ-ചൈന യുദ്ധകാലത്താവണം കടുത്ത ഭക്ഷ്യധാന്യ വറുതിയില്‍നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ക്ക് വനം വെട്ടിത്തെളിച്ച് അവിടെ വിവിധ കൃഷികള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തുപോലും. കേട്ടുകേള്‍വി മാത്രമാണ്. ഉറപ്പില്ല. ചരിത്രത്തില്‍ അങ്ങിനെ എല്ലാറ്റിനും ഒരു ഉറപ്പുണ്ടാകണമെന്ന വാശിയൊന്നും പാടില്ലല്ലൊ. അങ്ങിനെ കുറെ ആളുകള്‍ പലഭാഗത്തുനിന്ന് വന്ന് കുടിയേറി വനം വെട്ടിതെളിച്ച് കൃഷിഭൂമിയാക്കുകയും ഭക്ഷ്യധാന്യ വറുതി കഴിഞ്ഞപ്പോള്‍ വാസസ്ഥലമാക്കി മാറ്റുകയും കോണ്‍ക്രീറ്റ് കാടുകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്ത കുറെ പ്രദേശങ്ങളാണ് തിരുവനന്തപുരം^ശെങ്കോട്ടൈ സംസ്ഥാനാന്തര റോഡിന് ഇരുവശവും പശ്ചിമ ഘട്ട മലനിരകളുടെ ശ്വാദല നിഴലേറ്റ് കിടക്കുന്നത്. ഈ റോഡില്‍ പാലോടിനും കുളത്തൂപ്പുഴക്കുമിടയില്‍ ഇങ്ങിനെ വനം വെട്ടിത്തെളിച്ചതിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും ബാക്കി കാണാം. അതിലൊരു ചീന്തിന്റെ ഹൃദയ പേശികളില്‍ ചിതറി കിടക്കുന്ന രണ്ട് കൊച്ചുഗ്രാമങ്ങളാണ് അരിപ്പയും കൊച്ചുകലുങ്കും.




